പാലക്കാട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നാട്ടുകൽ സ്വദേശിയായ 38 വയസ്സുകാരിക്ക് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാഫലമാണ് നിപ സ്ഥിരീകരിച്ചതിന് ആധാരം.
സംസ്ഥാനത്ത് ഏകദേശം രണ്ട് മാസങ്ങൾക്ക് മുൻപും നിപ വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറത്ത് അന്ന് ഗുരുതരാവസ്ഥയിലായ ഒരു രോഗി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പാലക്കാടും കോഴിക്കോടും മലപ്പുറത്തും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.